Tuesday, November 4, 2014

" അല്ലാഹുവിന്റെ ഭൂമിയും അല്ലാഹുവിന്റെ കുർആനും അല്ലാഹുവിന്റെതല്ലാത്ത ശബ്ദവും "

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടാം ബ്ലോക്ക് ഹോസ്റലിൽ താമസിക്കുന്ന സമയമാണ് . അടുത്ത മുറിയിൽ താമസിക്കുന്നത് അബ്ദുൽ റഹീമാണ് . എന്നെക്കാൾ മൂന്നു വര്ഷം സീനിയർ ആണ് . അബ്ദുൽ റഹീം  കടുത്ത ഇസ്ലാം മത വിശ്വാസി യാണ് . അധികം സംസാരിക്കുന്ന പ്രകൃതമല്ല. പൊതുവേ ശാന്തനാണ് . താടിയും മീശയും വല്ലാതെ വളരാത്ത ജനുസ്സ് ആണെങ്കിലും ഉള്ള താടിരോമങ്ങൾ വളർന്നു ചുരുണ്ടിരിപ്പുണ്ട് . താടി വയ്ക്കുന്നത് മുസ്ലീംകൾക്ക് സുന്നത്ത് ആണ് . മുഹമ്മത് നബി ചെയ്തിരുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതാണ്  സുന്നത്ത്. അങ്ങിനെ ചെയ്യുന്നത് അല്ലാഹുവിനിഷ്ടമാണ് . അതാണ് അബ്ദുൽ റഹീം താടി വളർത്തുന്നത് . 

ഇടനാഴി കഴിഞ്ഞു എതിർവശത്തെ മുറിയിൽ താമസിക്കുന്നത് 2 വര്ഷം സീനിയർ ആയ സുരേഷ് ആണ് . കടുത്ത ഹിന്ദു മത വിശ്വാസിയായ ഒരു പട്ടർ. നെറ്റിയില ചന്ദനവുമായെ ഹോസ്ടളിൽ കാണാറുള്ളു. മൂപ്പര് എപ്പോഴും പഠിത്തത്തിൽ ആയിരിക്കും  അതിനടുത്ത മുറിയിൽ  അബ്ദുൽ  രഹീമിന്റെ ക്ലാസ്സിൽ പഠിക്കുന്ന പ്രശാന്താണ് .  ഹൊസ്റ്റലിൽ ഹിന്ദു മുസ്ലീം പ്രശ്നങ്ങൾ ഒന്നും ഇല്ല.

രാവിലെ മൂന്നു മണിയായിക്കാണും അബ്ദുൽ റഹീമിന്റെ മുറിയിൽ  നിന്നും ഉച്ചത്തിൽ കുർആൻ പാരായണം കേൾക്കുന്നുണ്ട് . അബ്ദുൾ രഹീമിന് നല്ല ശബ്ദമുണ്ട് . നല്ല ഈണത്തിൽ കുർആൻ വായിക്കും. പരീക്ഷ നടക്കുന്ന സമയമാണ് . പൊതുവെ പരീക്ഷ നടക്കുന്ന സമയത്ത്   ജാതി മത ഭേദമന്യേ  എല്ലാവർക്കും  ദൈവ സ്നേഹം കൂടും. അങ്ങിനെയുള്ള സമയമാണ് . അതുകൊണ്ട് അബ്ദുൽ രഹീം പതിവിലും ഉച്ചത്തിലാണ്  കുർആൻ പാരായണം ചെയ്യുന്നതു . ഇതും കേട്ട് ഞാൻ ഉണർന്നു കിടക്കുകയാണ് . ഞാൻ പതിയെ പുറത്തിറങ്ങി . രഹീമിന്റെ വാതിലിനടുത്ത് പ്രശാന്ത് നില്ക്കുന്നു, കുറച്ചു നേരം ശങ്കിച്ച് നിന്ന ശേഷം പ്രശാന്ത് വാതിലിൽ മുട്ടി. അടുത്ത മുറിയിൽ നിന്നും സുരേഷ് എത്തി നോക്കുന്നുണ്ട് . വാതിൽ  തുറന്ന രഹീമിനോട് പ്രശാന്ത് പറഞ്ഞു " രഹീമേ , ഇന്ന് പരീക്ഷയാണ് , ഒന്ന് പതുക്കെ ഒതാമോ? എനിക്ക് പഠിക്കാൻ കഴിയുന്നില്ല." റഹീമിന്റെ ഉത്തരം  പെട്ടെന്നായിരുന്നു " അള്ളാന്റെ ഭൂമിയിൽ അള്ളാന്റെ കുർആൻ ഓതാൻ എനിക്കാരുടെയും സമ്മതം വേണ്ട " . അബ്ദുൽ റഹീം വാതിൽ കൊട്ടിയടച്ചു. പ്രശാന്ത് ശശിയെപ്പോലെ നിന്നു. സുരേഷ് ഉള്ളിലേയ്ക്ക് വലിഞ്ഞു. എനിക്ക് സങ്കടം തോന്നി.

സുരേഷിന്റെ മുറിയില നിന്നും ചറിയ ചില അനക്കങ്ങൾ കേള്ക്കുന്നുണ്ട്. ഞാൻ  മുറിയിലേയ്ക് കയറി. സുരേഷ് വാതിലിന്റെ പുറകിൽ ചോക്കു കൊണ്ട് എന്തൊക്കെയോ എഴുതുകയാണ് . പഠിക്കാനുള്ള ടോപ്പിക്ക് വാതിലിൽ എഴുതുന്ന സ്വഭാവം അവനുണ്ട്. പക്ഷെ ഇപ്പോൾ ദേഷ്യം പിടിച്ചു അല്ലാഹുവിനെ ചീത്ത എഴുതുകയാണ് .  ചീത്ത വിളിക്കുന്നത്‌ കണ്ടപ്പോഴുള്ള വിഷമവും, കൊച്ചു കുട്ടിയെപ്പോലെ ദേഷ്യപ്പെടുന്ന സുരേഷിന്റെ മുഖ ഭാവം  കണ്ടപ്പോഴുള്ള ചിരിയും ഉള്ളിലൊതുക്കി ഞാൻ ചോദിച്ചു " സുരേഷ് നീയെന്താണീ കാണിക്കുന്നത് , ഒച്ച വയ്ക്കുന്നതും പഠിക്കാൻ സമ്മതിക്കാതിരിക്കുന്നതും അല്ലാഹുവല്ല , അബ്ദുൽ രഹീമാണ് , നീ അബ്ദുൽരഹീമിനെ ചീത്ത പറയുകയോ എഴുതുകയോ ചെയ്യ്‌ . സുരേഷ് എന്നെ  നോക്കി, പിന്നെ ഒരു പഴയ ബനിയനെടുത്തു എഴുതിയതൊക്കെ മായ്ച്ചു കളഞ്ഞു, എന്നിട്ട് പുതപ്പും പുതച്ചു കട്ടിലിൽ കയറിക്കിടന്നു.

കുർആൻ അല്ലാഹുവിന്റെ വചനമാണ് . അത് മാലോകർക്ക് പറഞ്ഞു തന്നത് മുഹമ്മത് നബി (സ) ആണ് . അതെങ്ങനെ ഉപയോഗിക്കണം എന്നും നബി പറഞ്ഞു. ആ നബി തന്നെ മറ്റൊരു കാര്യം കൂടി പറഞ്ഞു. നമസ്കാരത്തിൽ (പ്രാര്ത്ഥനയിൽ ) പോലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകും വിധം ഉറക്കെ കുർആൻ ഓതരുത്  എന്ന് .  ആ സുന്നത്ത് രഹീമിന് വേണ്ട. ഈഗോയുടെ മുൻപിൽ നബിയുടെ വാക്കുകൾക്ക് ശക്തിയില്ല.

ഒരിക്കൽ ബാന്ഗ്ലൂർ എയർപോർടിൽ കംഫർട്ട് റൂമിൽ നിൽക്കുമ്പോൾ തൊപ്പിയും താടിയുമുള്ള പൈജാമ ധരിച്ച ഒരു ചെറുപ്പക്കാരൻ വുളു എടുക്കന്നത് കണ്ടു . പ്രാര്ത്തനയ്ക്ക് മുൻപ് മുസ്ലീങ്ങൾ അംഗ ശുധ്ദി  വരുത്തുന്നതാണ് വുളു. എവിടെയാണെങ്കിലും സമയത്ത് പ്രാർത്തിക്കുക എന്നത് മുസ്ലീങ്ങൾക്ക് നിർബന്തമാണ് . അവിടുത്തെ വാഷ് ബേസിനിൽ നിന്നാണ് കയ്യും മുഖവുമൊക്കെ കഴുകുന്നത്, നല്ല കാര്യം. അവസാന ഘട്ടമായി കാൽ കഴുകുകയാണ് . ഒറ്റക്കാലിൽ നിന്ന് മറ്റേക്കാൽ എത്തിചെടുത്തു വാഷ്ബേസിനിൽ കയറ്റി വച്ചാണ് കഴുകുന്നത് , ചുറ്റുപാ ടെല്ലാം വെള്ളം തെറിച്ചുവീണ് , അഴുക്കുമായി കൂടി വൃത്തി കേടാകുന്നുണ്ട് . അടുത്തു നിന്നയാൾ  മുഖം ചുളിക്കുന്നുണ്ട് . മുഖം കഴുകുന്ന ടാപ്പിനടുത്തു  കാൽ മുട്ടിക്കുന്നതിൽ അയാൾ അസ്വസ്ത്തനാണ് . ആരും ഒന്നും പറഞ്ഞില്ല . അല്ലാഹുവിന്റെ  ഭൂമിയാണ്‌ , അല്ലാഹുവിനോട് പ്രാർത്തിക്കുവാനാണ് . ഞാനും ഒന്നും പറഞ്ഞില്ല. 

വുളു എടുക്കുമ്പോൾ യാത്രയിലും മറ്റും ചില  ഇളവുകൾ നബി പഠിപ്പിച്ചിട്ടുണ്ട്. കാൽ കഴുകുന്നതിന്‌ പകരം അത്തരം സന്ദർഭങ്ങളിൽ ഷൂവിന്മെൽ തടവിയാലും മതി. കോമണ്‍ പ്ലേസുകളിൽ പരിസരം വൃത്തികെടാക്കുന്നതിനേക്കാൾ നല്ലതതായിരിക്കാം . ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങിനെ പെരുമാറണമെന്ന് നമ്മൾ മറന്നു പോകുന്നു. തന്റെ പ്രവർത്തികൾ മറ്റുള്ളവർക്ക് വിഷമമുണ്ടാക്കാതെ ചെയ്യാൻ നമ്മൾ ശ്രമിക്കാറില്ല.